ചിലത് ചോദിക്കട്ടെ? ഒരു ട്രാൻസ്ജന്ററിനോടുള്ള നിങ്ങളുടെ സമീപനം എന്താണ്? അവരെ കുറിച്ചുള്ള അഭിപ്രായം എന്താണ്? നിങ്ങളുടെ സൗഹൃദ വലയത്തിലേക്ക് അവരെപ്പോലെയുള്ള ഒരു വ്യക്തി കടന്നുവന്നാൽ അവരെ നിങ്ങൾ എങ്ങനെ പരിഗണിക്കും?ഇനി, നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞ് ആണായി ജനിച്ച് പെണ്ണായി ജീവിക്കാൻ/പെണ്ണായി ജനിച്ച് ആണായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് നിങ്ങളുടെ പ്രതികരണം??
ഉത്തരം തരാൻ കുറച്ച് ചിന്തിക്കേണ്ടി വരുമല്ലേ?അതിനു കാരണം ഞാനടക്കമുള്ള നമ്മുടെ സമൂഹം ട്രാൻസ്ജന്റേഴ്സിനെ മോശമായി കാണുന്നത് കൊണ്ടല്ലേ?പക്ഷെ, എന്തുകൊണ്ടാണ് അവരെ നാം മോശക്കാരാക്കുന്നത്? ആരുടെ കുഴപ്പം കൊണ്ടാണ് അവർ അങ്ങനെയായിപ്പോയത്? ആരാണ് ട്രാൻസ്ജന്റേഴ്സ്?
ഒരു കുഞ്ഞ് ജനിച്ചാൽ അത് ആണാണോ പെണ്ണാണോ എന്നത് സമൂഹം അവർക്ക് നൽകുന്ന നാമമാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കപ്പെടുന്നത്. ആണായി ജനിച്ച കുഞ്ഞ്, അവൻ വളർന്നു കഴിഞ്ഞാലും ആണായിതന്നെയാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെ sex gender എന്ന് പറയുന്നു.ഇനി, അവൻ വളർന്ന് വരുമ്പോൾ ഒരു പെണ്ണായാണ് വളരാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെയാണ് ട്രാൻസ്ജെൻഡർ അഥവാ ഭിന്നലിംഗം എന്ന് പറയുന്നത്. ഇവരിൽ transwomen ഉം transmen ഉം ഉണ്ട്. അതായത് ആണായി ജനിച്ച ഒരു വ്യക്തി പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വ്യക്തിയെ transwomen എന്നും പെണ്ണായി ജനിച്ച ഒരു വ്യക്തി ആണായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വ്യക്തിയെ transmen എന്നും പറയുന്നു. ഇവരിലെ ഒരു വിഭാഗമാണ് transsexual.ഒരു ഹോർമോൺ ആയി വളർന്ന് പിന്നീട് ചികിത്സകളിലൂടെയും S.R.S (Sex Reassignment Surgery – ഒരു ട്രാൻസ്ജെൻഡർ സ്ത്രീയായോ പുരുഷനായോ മാറാൻ നടത്തുന്ന ലിംഗശസ്ത്രക്രിയ)പോലുള്ള ശാസ്ത്രക്രിയകളിലൂടെയും പൂർണമായും ഒരു സ്ത്രീയോ പുരുഷനോ ആയാൽ അവരെയാണ് transsexual എന്ന് പറയുന്നത്.
എന്തുകൊണ്ടാണ് പെണ്ണായി/ആണായി ജനിച്ച വ്യക്തികളിൽ എതിർലിംഗത്തെ പോലെ ജീവിക്കണം എന്ന ആഗ്രഹം ഉടലെടുക്കുന്നത്? അതിനെപ്പറ്റി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.മനുഷ്യരിലുണ്ടാകുന്ന ഹോർമോൺ (അന്തർഗ്രന്ഥി സ്രാവം) ആണ് ഇതിന് കാരണമാകുന്നതെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്. ഒരു മനുഷ്യനിൽ ആണിന്റെയും പെണ്ണിന്റെയും ഹോർമോണുകൾ ഉണ്ടാകും. അവയുടെ അളവുകൾ വ്യത്യസ്തമായിരിക്കും. അതായത് പെണ്ണിന്റെ ശരീരത്തിലുള്ള ആണിന്റെ ഹോർമോണിന്റെ അളവ് കുറവായിരിക്കും. അത്പോലെ ആണിലുള്ള പെണ്ണിന്റെ hormone ഉം കുറവായിരിക്കും. ഈ കുറവുള്ള ഹോർമോണുകൾ കൂടിവരുമ്പോഴാണ് ഒരു ട്രാൻസ്ജെൻഡർ ഉണ്ടാകുന്നത്. ഇത് പൊതുവെ ജന്മനാ. (ജനനത്തോടെ) ഉണ്ടാകുന്നതാണ്. എങ്കിലും ചിലർ വളർന്ന് വരുമ്പോൾ അവരിൽ ഇത്തരം ഹോർമോൺ മാറ്റങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് ഒരു ട്രാൻസ്ജെൻഡർ ആകുക എന്നത് ഒരുക്കലും ആരുടേയും കുറ്റം കൊണ്ടല്ല എന്ന് നമ്മൾ മനസ്സിലാക്കണം.
ഈ വിഭാഗത്തെ പറ്റി സമൂഹത്തിനിടയിൽ മോശമായ ഒരു ധാരണയുണ്ട്. ഇവർ എല്ലാം ലൈംഗികതൊഴിലാളികൾ ആണ് എന്ന്. അതിനെപ്പറ്റി നമ്മൾ തീവ്രമായൊന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
സമൂഹം അവരെ എല്ലായിടത്തു നിന്നും മാറ്റിനിർത്തുകയാണ്. കാരണം ആണോ പെണ്ണോ ആയാൽ മാത്രമാണ് ജീവിക്കാനാവുക !.വിദ്യാഭ്യാസം ഏറെയുള്ള മനുഷ്യന്റെ യുക്തിബോധവും ചിന്താശേഷിയുമാണ് ഇത്. അതുകൊണ്ടുതന്നെ transgenders ന് അവരുടെ പൗരസ്വാതന്ത്ര്യങ്ങൾ പോലും നഷ്ടപ്പെടുകയാണ്. ഇങ്ങനെ ഒരു കുഞ്ഞുണ്ടായാൽ അത് തങ്ങൾക്ക് നാണക്കേടാണ് എന്ന് ചിന്തിക്കുന്ന വീട്ടുകാർ ഇവരെ വീട്ടിൽനിന്നും ഇറക്കിവിടുന്നു. വിദ്യാഭ്യാസരംഗത്ത് നിന്നും തൊഴിൽ മേഖലകളിൽ നിന്നുമെല്ലാം ഇവർ പിന്തള്ളപ്പെടുന്നു. സ്വാഭാവികമായും ഇവർ വിദ്യാഭ്യാസമില്ലാത്തവരാകുന്നു. വിദ്യാഭ്യാസമില്ലാത്തവർ മറ്റെന്ത് തൊഴിൽ ചെയ്യാൻ? !. ഇനി ചെയ്താലും പൊതുസ്ഥലങ്ങളിൽ നിന്നുപോലും ആട്ടിയോടിക്കപ്പെടുന്ന ഈ സമൂഹത്തിന് എങ്ങനെ ആ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാനാവും? അപ്പോൾ ലൈംഗികതൊഴിലും ഭിക്ഷയാചിക്കലുമല്ലാതെ അവർക്ക് ജീവിക്കാൻ മറ്റെന്ത് മാർഗ്ഗമാണുള്ളത് !
ഒരു ട്രാൻസ്ജെൻഡർ ആണ് എന്നതിന്റെ പേരിൽ ചികിത്സപോലും നിഷേധിക്കപ്പെടുന്നവരാണ് ഇവർ. പലരെയും ചികിൽസിക്കാൻ പല ഡോക്ർമാരും തയ്യാറാകുന്നില്ല. വിദ്യാസമ്പന്നരായ ഡോക്ടർമാർ ഈ വിഭാഗത്തോട് കാണിക്കുന്നത് ഇങ്ങനെയെങ്കിൽ സാധാരണക്കാരുടെ കാര്യം പറയണോ!.
എനിക്കു ചോദിക്കാനുള്ളത് അവരും മനുഷ്യരല്ലേ എന്നാണ്. അവരെയും നമ്മെയും ശ്രഷ്ടിച്ചത് ഒരേ ദൈവമാണ്. ഉള്ളിലെ രക്തത്തിന്റെ നിറം ചുവപ്പുമാണ്. മനുഷ്യൻ എന്ന് പറയാനുള്ള എല്ലാ പ്രത്യേകതകളും അവർക്കുണ്ട്. പിന്നെ എന്തുകൊണ്ടാണ് നമ്മൾ അവരെ മാറ്റിനിർത്തുന്നത്? \’അവർ മോശമായൊരു ജീവിതരീതിയിലൂടെ /തൊഴിലിലൂടെ ജീവിക്കുന്നവരായതുകൊണ്ട് \’ എന്നാണ് ഉത്തരമെങ്കിൽ അവരെ അത്തരമൊരു ജീവിതസാഹചര്യത്തിലേക്ക് തള്ളി വിട്ടതും നമ്മൾ തന്നെയല്ലേ? അതായത് അവർ അങ്ങനെയാകാൻ കാരണക്കാർ നമ്മൾ തന്നെയാണ്.
മാറേണ്ടത് നമ്മുടെ ചിന്തകളാണ്. നമ്മൾ മറ്റുള്ളവരെ പരിഗണിക്കേണ്ടത് മനുഷ്യരായാണ്. ഒന്ന് യുക്തിപരമായി ചിന്തിച്ചാൽ നമ്മുക്ക് തന്നെ മനസ്സിലാകും, നമ്മൾ അവരോട് കാണിക്കുന്ന അവഗണനകളെല്ലാം എത്രമാത്രം ബുദ്ധിയില്ലായ്മയാണെന്ന്.വിഡ്ഢികളാകുന്നത് നമ്മൾ തന്നെയാണ്. നമ്മൾ പൂർണരാണ് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മറ്റുള്ളവരെ അവഗണിക്കുന്നതെന്ന്. അതിന് നമ്മൾ പൂർണരാണെന്ന് ആരാണ് പറഞ്ഞത്?? !മനുഷ്യരാരെന്ന് തിരിച്ചറിയാൻ കഴിയാത്തിടത്തോളം നമ്മളെങ്ങനെ പൂർണരാകും?
പറഞ്ഞുവന്നത്, അവഗണിച്ചു നിർത്തേണ്ടതല്ല എനിക്കു തോന്നുന്നു എന്ന വിഭാഗത്തെ.അവരും മനുഷ്യരാണ്. ഒരുപക്ഷെ നാളെ നമ്മൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ,അല്ലെങ്കിൽ നമ്മൾതന്നെയും അവരെപോലെയായി മാറാം. അതുകൊണ്ട് ചേർത്തുപിടിക്കുക. അവരുടെ അവകാശങ്ങൾ അവർക്ക് വിട്ടുനൽകുക. അവരെ മാറ്റിനിർത്തിയ ഇടങ്ങളിലെല്ലാം മുന്നേറാൻ അവസരമൊരുക്കുക. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും അവർക്ക് അവസരങ്ങൾ നൽകുക. എല്ലാത്തിലുമുപരിയായി അവരും മനുഷ്യരാണ് എന്ന ചിന്ത വളർത്തിയെടുക്കുക…