ലോകം മുഴുവൻ കൊറോണ ഭീതിയിൽ കൂടി കടന്നു പോകാൻ തുടങ്ങിയിട്ടിപ്പോൾ മാസങ്ങളായി. എല്ലാവരും കോറോണയ്ക്ക് ഒപ്പം തന്നെ ജീവിക്കാൻ പഠിച്ച് തുടങ്ങിയിരിക്കുന്നു…
മാസ്കുപയോഗവും, സാമൂഹിക അകലവും, ആവശ്യത്തിന് മാത്രമുള്ള പുറത്ത് പോവലുകളും എല്ലാം ആയി ആളുകൾ മിക്കവരും സ്വന്തം വീടുകൾക്കു ള്ളിൽ സുരക്ഷിതമായി ഇരിക്കാൻ ആഗ്രഹിക്കുന്നു… ആരോഗ്യ പ്രവർത്തകർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച്, തങ്ങൾക്കൊരു പനി വന്നാലോ, ജലദോഷം വന്നാലോ, ഉടനെ തന്നെ ആശുപത്രികളിൽ പോകാനും, ചികിത്സ തേടാനുമൊന്നും ജനങ്ങൾക്കിപ്പോൾ യാതൊരു മടിയുമില്ല..
ഈയൊരു സാഹചര്യത്തിൽ നേരത്തെ കോറോണ വന്ന ഒരാൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ലോകാരോഗ്യ സംഘടന നൽകിയ ലക്ഷങ്ങളുടെ കൂടെ ഇപ്പൊൾ പുതിയ ചിലതും കൂടി കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇക്കിൾ, മുടികൊഴിച്ചിൽ, കാൽപ്പാദത്തിലും, വിരലിലും വരുന്ന ചുവന്ന തിണർപ്പ്, പലവിധ ത്വക്ക് രോഗങ്ങൾ, എന്നിവയാണ് പുതിയ കൊറോണ രോഗ ലക്ഷണങ്ങൾ ആയി ലോകാരോഗ്യ സംഘടനയും, ആരോഗ്യ വിദഗ്ദരും കണ്ടെത്തിയിരിക്കുന്നത്.
ഇതിനു മുന്നേ പ്രധാന ലക്ഷണങ്ങൾ ആയി കണക്കാക്കിയിരുന്നത് ചുമ, പനി, ശ്വാസ തടസ്സം, പേശീവേദന, തലവേദന, മണം ,രുചി, നഷ്ടപ്പെടൽ എന്നിവയൊക്കെ ആയിരുന്നു. പക്ഷേ രോഗം പടരുന്നതിനു അനുസരിച്ച്, ഓരോ മനുഷ്യ ശരീരത്തിലും കയറുന്ന കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നുണ്ട് എന്ന് ശാസ്ത്ര ലോകം നേരത്തെ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ രോഗ ലക്ഷണങ്ങളിലും പുതിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നാണ് വിലയിരുത്തൽ.
ചില ആളുകളിൽ കൊറോണ യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാതെ കാണിക്കാതെ പടരുന്നു എന്നതും, നേരത്തെ ആളുകൾ ശ്രദ്ധിച്ച് പോന്ന പല ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ ചില ലക്ഷണങ്ങൾ കണ്ട് വരുന്നുവെന്നതും, രോഗ ലക്ഷണങ്ങൾ രണ്ട് മുതൽ 14 ദിവസങ്ങൾ വരെ പ്രകടമാകാമെന്നതും ആളുകളിൽ ചെറിയ ഭീതി പടർത്തുന്നുണ്ട്.
കൊവിഡ്-19 മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളായി പറയപ്പെടുന്നത്, ഗന്ധം അല്ലെങ്കിൽ നാവിന്റെ രുചി നഷ്ടപ്പെടുക, തണുത്ത് വിറക്കുന്നു പോലെ തോന്നുക, പേശികളിലെ അസഹ്യമായ വേദന,
നെറ്റിക്കിരുവശവും കൺപോളകൾക്ക് ചുറ്റുമുള്ള വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുന്നതിനൊപ്പം നമ്മളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള തലവേദന, ചെങ്കണ്ണ്, പനി, ജലദോഷം, ശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട്, ഡയേറിയ തുടങ്ങിയവയാണ്. ഇതോടൊപ്പം കൊറോണ ബാധിച്ച 60 ശതമാനം ആളുകളിൽ കഠിനമായ വരണ്ട ചുമയാണ് ഏറ്റവും കൂടുതൽ കണ്ട് വരുന്നത്.
കൊറോണ വൈറസ് ലക്ഷണങ്ങളും, അത് ആക്രമിക്കുന്ന രീതിയും ആളുകളുടെ പ്രായം, ആരോഗ്യം, മുമ്പുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ, എന്നിവയെ ആശ്രയിച്ച് ഓരോ ആളുകളിലും വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതും, സഹായത്തിനായി ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതും, അണുബാധയുടെ വ്യാപനത്തിന് കാരണമാകുന്ന തരത്തിലുള്ള ജനസമ്പർക്കം ഒഴിവാക്കേണ്ടതും നിർബന്ധമാണ്.