മോദിഭരണത്തിൻ കീഴിൽ ഇന്ത്യൻ ജനത നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളുടെയും വർഗീയ ലഹളകളുടെയും ഫലം അനുഭവിച്ച് തീരുന്നതിനു മുൻപ് തന്നെ പുതിയ വിവാദ തീരുമാനങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് ബി.ജെ.പി ഭരണ തന്ത്രങ്ങൾ. ഇതുവരെയും ഇത്തരം ഒരു വർഗീയ പാർട്ടിയുടെ കീഴിൽ നിലവിൽ വന്ന തീരുമാനങ്ങളിലും നയങ്ങളിലും വിവാദങ്ങൾ സൃഷ്ടിക്കാതെ കടന്ന് പോയവ വളരെ വിരളമായേ ഉള്ളൂ. ഇത്തരത്തിൽ പുതിയ ഒരു നയം ആണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 2020 മാർച്ചിൽ പുറപ്പെടുവിച്ച EIA കരട് വിജ്ഞാപനം.
എന്താണ് EIA അഥവാ പരിസ്ഥിതി ആഘാത പഠനം? EIA യെ കുറിച്ച് പറയുകയാണെങ്കിൽ അത് നിലവിൽ വരാൻ ഉണ്ടായ സാഹചര്യം എന്നത് വികസന പ്രവർത്തനങ്ങളുടെ / കോർപ്പറേറ്റ് കമ്പനികളുടെ അനാസ്ഥ മൂലം ഇന്ത്യയിൽ ഉണ്ടായ ചില പാരിസ്ഥിതിക പ്രശ്നങ്ങളുടെയും അപകടങ്ങളിൽ നിന്നുമാണ്. അതായത് 1984 ലെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിൽ നിന്നുണ്ടായ പാചക വാതക ചോർച്ചയോടെ നടന്ന അപകടത്തിൽ നിന്നാണ് ഇന്ത്യയിൽ 1986-ൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുന്നത്. അതേ തുടർന്ന് 1994-ൽ കൊണ്ട് വന്ന പുതിയൊരു ഭേദഗതി ആയിരുന്നു പരിസ്ഥിതി ആഘാത പഠനം അഥവാ എൺവിരോന്മെന്റൽ ഇംപാക്ട് അസസ്സ്മെന്റ് (EIA). നിലവിലെ EIA നിയമ പ്രകാരം ഒരു പ്രദേശത്ത് പുതിയതായി ഏതെങ്കിലും തരത്തിലുള്ള വികസന പദ്ധതികൾ തുടങ്ങണമെങ്കിൽ അതുമൂലം അവിടുത്തെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാകാൻ സാധ്യത ഉള്ള എല്ലാവിധ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും, അതൊരു പരിസ്ഥിതി വിരുദ്ധ പദ്ധതി ആണെങ്കിൽ അതിന്റെ പ്രവർത്തനം അവിടെ തുടങ്ങാനുള്ള അനുമതി നൽകാതിരിക്കാനും കഴിവുള്ള ശക്തമായൊരു നിയമം ആണ് EIA മുന്നോട്ട് വെക്കുന്നത്.
EIA – 2020 ലെ പുതിയ കരട് വിജ്ഞാപന പ്രകാരം നിലവിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ തികച്ചും പാരിസ്ഥിതിക – മനുഷ്യത്വ വിരുദ്ധമായ നയങ്ങൾ ആണ്. പഴയ EIA നിയമം അനുസരിച്ച് ഉണ്ടായിരുന്ന നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) അഥവാ പോസ്റ്റ് ഫാക്ടോ ക്ലീയറൻസ് എടുത്ത് കളയുന്നത് മുതൽ, നിലവിൽ 6 മാസത്തിൽ ചെയ്യേണ്ട മോണിറ്ററിങ് പദ്ധതി ഒരു വർഷ കാലാവധിയിലേക്ക് നീട്ടുകയും, പുതിയ പ്രോജക്ടിന് ഉള്ള പ്രവർത്തനം ആരംഭിച്ചതിന് ശേഷം മാത്രം പദ്ധതിക്കുള്ള അംഗീകൃത ഗവൺമെന്റ് അനുമതി നേടിയാൽ മതി എന്നതും, ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് പറയാനുള്ള സമയം 30 ദിവസത്തിൽ നിന്ന് 20 ദിവസം ആയി വെട്ടിക്കുറച്ചു എന്നത് വരെയുള്ള വളരെ തീവ്രമായ പ്രശ്നങ്ങൾ ആണ് 2020 കരട് വിജ്ഞാപനത്തിൽ മുന്നോട്ട് വെച്ചിരിക്കുന്ന വിവാദപരമായ നയങ്ങൾ.
ഇത് കൂടാതെ വികസന പദ്ധതികളെ മൂന്ന് കാറ്റഗറികളിൽ ആയി തരം തിരിക്കുകയും ഇവയിൽ കാറ്റഗറി B അഥവാ ജലസേചനം, ഹൈവേ വികസനം, എല്ലാ തരം നിർമാണ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ തുടങ്ങി നാല്പതോളം പദ്ധതികളിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയേണ്ടതില്ലെന്നും, മറ്റു രണ്ടു കാറ്ററികളിലും ഉള്ള പദ്ധതികളിൽ ആണെങ്കിൽ പൊതുജനങ്ങളുടെ പരാതികളുടെയും, പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലും ആ പ്രദേശത്ത് ഉണ്ടാകുവാൻ ഇടയുള്ള നഷ്ടങ്ങൾക്ക് ഒരു വില ഇട്ട് അതിന്റെ രണ്ടോ മൂന്നോ ഇരട്ടിയോ അതിലധികമോ തുക പിഴയടച്ചാൽ അവിടെ പദ്ധതി നടപ്പിലാക്കാൻ ഉള്ള അനുമതി സർക്കാർ കമ്പനികൾക്ക് നൽകും എന്നതും പുതിയ കരട് രേഖയിലെ എടുത്ത് പറയേണ്ട പ്രശ്നങ്ങൾ ആണ്.
ചുരുക്കത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ പ്രതികരണശേഷി പുതിയ പുതിയ നയങ്ങളിലൂടെ ഇല്ലാതാക്കി കൊണ്ട് മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ തന്ത്രങ്ങളിൽ ഒന്ന് ആയി മാറുകയാണ് EIA കരട് വിജ്ഞാപനവും. കൊറോണ മഹാമാരി ലോകം മുഴുവനും നിറഞ്ഞാടുന്ന ഈ സമയത്ത് തന്നെ ഇത്തരം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ പിന്നിലും, ഹിന്ദിയിലും ഇംഗ്ലീഷിലും ആയി പുറത്തിറക്കിയ രേഖയെ എല്ലാ പ്രാദേശിക ഭാഷകളിലും ഇറക്കണമെന്ന സുപ്രീം കോടതി വിധിയെ പാലിക്കാതെ ഇരിക്കുന്നതിന് പിന്നിലെയും രാഷ്ട്രീയവും അധികാര ദുർവിനിയോഗവും ചോദ്യം ചെയ്യപ്പെടേണ്ടത് ഈ ജനതയുടെ നിലനിൽപ്പിന്റെ ആവിശ്യം ആയി മാറിയിരിക്കുകയാണ്.
Good