ധർമ്മത്തിന്റെയും സത്യസന്ധതയുടെയും യുക്തിയുടെയുമെല്ലാം വക്താക്കളാകേണ്ട മാധ്യമങ്ങൾ നിലമറന്നാടുമ്പോൾ കളങ്കപ്പെടുന്നത് സമൂഹത്തിന്റെ ഉന്നതിയിൽ ഇരിക്കുന്ന സത്യസന്ധരും, കർമ്മനിരതരുമായ പലരുടെയും മുഖഛായയാണ്.
ഒരു പ്രധാന ദൃശ്യമാധ്യമത്തിന്റെ സുപ്രധാന പദവിയിലിരിക്കുന്ന പ്രമുഖ വ്യക്തി ഈയിടെ നടന്ന ചർച്ചയിൽ മാധ്യമങ്ങളുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. \”കാലാനുസൃതമായി, സമൂഹത്തിൽ നിലനിൽക്കുന്ന ട്രെന്റിനൊപ്പം നിൽക്കുക എന്ന നിലപാടാണ് പലപ്പോഴും മാധ്യമങ്ങൾ സ്വീകരിക്കാറ്\” എന്നതായിരുന്നു അത്. ഈ നിലപാടിലൂടെ അദ്ദേഹം പറയാതെ പറഞ്ഞത് ഭൂരിപക്ഷം ആളുകൾ എന്ത് ചിന്തിക്കുന്നു എന്ന നിലപാടാണ് എപ്പോഴും മാധ്യമങ്ങൾ സ്വീകരിക്കാറ് എന്നതാണ്. അത്, നിലപാടെടുക്കുന്ന വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് ആകണമെന്നുമില്ല. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ട്രെന്റിനൊപ്പം നിന്നവർക്ക് വാർത്തകളും, നിലപാടുകളും മാറ്റേണ്ടി വരാറുണ്ട് എന്നതാണ് വസ്തുത.
ഇത്തരം മാധ്യമ വിധിയെഴുത്തുകളിലും, വേട്ടയാടലുകളിലും അകപ്പെട്ടവർ നിരവധിയാണ്. അവരിൽ ഒരാളാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ എസ് ആർ ഓ യിലെ മുൻ ശാസ്ത്രജ്ഞനും, മലയാളിയുമായ നമ്പി നാരായണൻ.
1990കളിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ക്രയോജനിക് റോക്കറ്റ് എൻജിൻ പദ്ധതിയുടെ ഡയറക്ടർ ആയിരുന്നു നമ്പി നാരായണൻ.
1994ൽ ഒക്ടോബറിൽ മാലിദ്വീപ് പൗരത്വമുള്ള മറിയം റഷീദ എന്ന യുവതിയെ ക്രയോജനിക് എഞ്ചിൻ രൂപരേഖകളോട് കൂടി തിരുവനന്തപുരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നു. പാകിസ്താനിലേക്ക് കൈമാറാനുള്ള രേഖകൾ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞിടത്ത് നിന്നും തുടങ്ങി മാധ്യമ ജഡ്ജികളുടെ വിധിയെഴുത്ത്.
1994ൽ മറ്റു പ്രതികളോട് കൂടി ഡയറക്ടർ സ്ഥാനത്തിരുന്നിരുന്ന നമ്പി നാരായണനും അറസ്റ്റിലാകുന്നു. ഇതോടെ വീണ്ടും സട കുടഞ്ഞെഴുന്നേറ്റ ദൃശ്യമാധ്യമങ്ങളും, പത്രങ്ങളുമെല്ലാം നിരന്തരം വാർത്ത നൽകി. ഒരു വ്യക്തിയെ എങ്ങനെയെല്ലാം തേജോവധം ചെയ്യാൻ കഴിയുമോ അങ്ങിനെയെല്ലാം ചെയ്തു.
പിന്നീടാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. തുടർന്ന്, തെളിവുകളുടെ അഭാവത്തിൽ അന്വേഷണ റിപ്പോർട്ട് കോടതിക്ക് മുൻപിൽ സമർപ്പിച്ചപ്പോൾ നമ്പി നാരായണനെ കോടതി വെറുതെ വിട്ടു. അതേ വർഷം അധികാരത്തിലെത്തിയ ഇടതു സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കോടതി റദ്ദാക്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2001ൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. നമ്പി നാരായണൻ നൽകിയ പരാതിയിൽ ആയിരുന്നു ഈ ഉത്തരവ്. സംസ്ഥാന സർക്കാർ ഇതിനെതിരെ അപ്പീൽ നൽകി.
2012ൽ ഹൈക്കോടതി 10ലക്ഷം രൂപ നൽകാനും, 2018ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
അവസാന വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം 50 ലക്ഷം രൂപയും, മനുഷ്യാവകാശ കമ്മീഷൻ 10 ലക്ഷം രൂപയും അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകി. പിന്നീട് മറ്റൊരു നഷ്ടപരിഹാര കേസ് ഒത്തു തീർപ്പാക്കാൻ ഒരു കോടി മുപ്പത് ലക്ഷം രൂപയും ഇപ്പോൾ കൈമാറി.
ഒരിക്കൽ വേട്ടയാടിയിരുന്ന മാധ്യമങ്ങൾ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്താനുള്ള തിരക്കിലാണ്. അനുമോദനങ്ങളുടെ ആരവാരങ്ങൾ കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്പി നാരായണനെ പോലെ മാധ്യമങ്ങളുടെ വേട്ടയാടലുകൾ അനുഭവിച്ച എത്രയോ പേർ… എത്രയോ ജീവിതങ്ങൾ.. കോടതിയിൽ കേസുമായി മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ എല്ലാം സഹിച്ച് നിന്നവർ, ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നവർ അങ്ങനെ എത്രയോ പേർ…
സത്യവും, വസ്തുതകളും പ്രചരിപ്പിക്കേണ്ട മാധ്യമങ്ങൾ അസത്യങ്ങളുടെയും, കുപ്രചാരണങ്ങളുടെയും വക്താക്കളാക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് സമൂഹത്തിന് മാധ്യമങ്ങളോടുള്ള വിശ്വാസമാണ്. സൃഷ്ടിക്കപ്പെടുന്നതോ ഒട്ടനേകം നമ്പി നാരായണന്മാരും…