\”നീ നല്ലൊരു പെണ്ണ് ആണെങ്കിൽ നിന്റെ ചൊൽപ്പടിക്ക് അവനെ നിർത്തുന്നതാണ് കഴിവ്\”
\”ഇത്തിരി ദേഷ്യം കൂടുതൽ ആണെന്നെ ഉള്ളൂ, അവൻ ഒരു സാധു ആണ്. നീ ഓരോന്ന് പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കാതെ ഇരുന്നാൽ മതി\”
സ്വഭാവദൂഷ്യം ഉള്ള എല്ലാ പുരുഷന്മാരെയും ഒരു പെണ്ണ് കെട്ടിച്ചാൽ തീരുന്ന കുഴപ്പക്കാർ ആയി കണക്കാക്കുന്ന, പെണ്ണിന്റെ കഴിവ്കേട് കൊണ്ട് മാത്രം അവൻ തോന്നിവാസി ആകുന്നവയാണ് നമ്മൾ കേട്ടിട്ടുള്ള എല്ലാ കഥകളും ചരിത്രങ്ങളും.
അത്തരം ഒരു ചരിത്രത്തെ പൊളിച്ചെഴുതി ജീവിതം എന്റേത് ആണ്, അതെനിക്ക് സ്വാതന്ത്ര്യത്തോടെ, സന്തോഷത്തോടെ ജീവിച്ചു തീർക്കാൻ ധൈര്യം കാണിക്കുന്ന ഓരോ പെണ്ണിന്റെയും കഥയാണ് രാഹുൽ റിജി നായർ സിനിമ \”ഒറ്റ മുറി വെളിച്ചം\”
ഏതോ ഒരു വീട്ടിലെ അടുക്കളയിൽ നിന്ന് ചന്ദ്രൻ കെട്ടിക്കൊണ്ട് വന്ന അനാഥ പെണ്ണ്, സുധ. സമൂഹം കൽപ്പിച്ച് നൽകിയ എല്ലാ നല്ല സ്വഭാവങ്ങളും ചേർന്ന ഉത്തമ ഭാര്യ. കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ ജനലും വാതിലും ഇല്ലാത്ത, അണയാത്ത ലൈറ്റ് ഉള്ള ആ ഒറ്റമുറിയിൽ കള്ളുകുടിച്ച് ബോധം മറഞ്ഞു കിടക്കുന്ന ഭർത്താവിന്റെ അരികിൽ ഉറങ്ങാതെ കിടക്കുന്ന സുധ. കയറി വന്നപ്പോൾ ഉണ്ടായിരുന്ന പുഞ്ചിരി ഒരു രാത്രിയോടെ പേടി ആയി അവളുടെ മുഖത്ത് കയറുന്നു. പിന്നീടങ്ങോട്ട് സിനിമ മുഴുവനും പോകുന്നത് സുധയുടെ പേടിയിലൂടെയും ചന്ദ്രന്റെ വയലൻസിലൂടെയും ആണ്.
സ്നേഹത്തിന്റെ ഒരു നോട്ടം പോലും ചന്ദ്രനിൽ നിന്ന് തനിക്ക് കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയിട്ടും അയാളെ സ്നേഹിക്കാനും, വെച്ച് വിളമ്പി സ്നേഹം പിടിച്ചു പറ്റാനും ആത്മാർത്ഥമായി ശ്രമിക്കുന്ന പെണ്ണ്. \”അവൾക്ക് അഹങ്കാരം ആണ്, എങ്ങിനെ പെരുമാറണം എന്ന് അവളെ ഞാൻ പഠിപ്പിക്കുന്നുണ്ട്\” എന്ന ചന്ദ്രന്റെ ആണത്ത ബോധത്തിൽ അതി ക്രൂരമായി ഓരോ രാത്രിയിലും ശാരീരിക പീഡനവും ബലാത്സംഗവും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ത്രീ. രാത്രി മുഴുവൻ തന്റെ നിലവിളി ആ കൊച്ചു വീട്ടിൽ ഉയർന്നു കേട്ടിട്ടും പ്രതികരിക്കാത്ത അമ്മായി അമ്മ രാവിലെ അവളോട് വളരെ കൂൾ ആയി സംസാരിക്കുകയും, അവന്റെ അച്ഛനെ പോലെ ആണ് അവനും എന്നതിൽ അ സ്ത്രീ അനുഭവിച്ച വേദനയും, പെൺജീവിതം പുരുഷ താൽപര്യമാണ് എന്നും, നീ അവനെ സഹിക്കണമെന്നും പറയാതെ പറയുന്നു.
കുയിലിന്റെ പാട്ടിന് മറുപാട്ട് പാടിയവൾക്ക് ശബ്ദം നഷ്ടപ്പെടുന്നിടത്ത് നിന്ന്, തനിക്ക് ആരുമില്ലെന്നും, എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാൻ പോലും ഒരാൾ ഉണ്ടാവില്ലെന്നുമുള്ള തിരിച്ചറിവിൽ അവൾ പ്രകൃതിയെ തന്റെ അമ്മയായി സ്വീകരിക്കുന്നു. അരുവി വെള്ളത്തിൽ തന്റെ എല്ലാ വേദനയും ഒഴുക്കി കളയുന്ന സുധ പിന്നീട് ഭർത്താവിൽ നിന്നുള്ള ആദ്യ രക്ഷ എന്നോണം ആ കാട്ടിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുകയും അത് ചന്ദ്രന്റെയും കാട്ടുപന്നിയുടെയും ഇടയിൽ ചെന്ന് അവസാനിക്കുകയും ചെയ്യുന്നു.
തന്നെ ജീവിക്കാൻ സമ്മതിക്കാത്തത് എന്ത് തന്നെ ആയാലും അതിനെ കൊല്ലണം എന്നും, മനുഷ്യർ ചത്ത് കിടന്നാൽ പോലും ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാത്ത ഈയിടത്തിൽ തന്റെ അതിജീവനം അത്യാവശ്യം ആണെന്നും സുധ മനസ്സിലാക്കുന്നു..
കള്ളുകുടിച്ച് വെളിവില്ലാതെ ചന്ദ്രൻ ആളുകളുടെ മുന്നിൽ വെച്ച് അവളെ ഉപദ്രവിക്കുന്നതും, എന്റെ ഭാര്യയെ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിക്കുമെന്നും പറയുന്ന പുരുഷ മേധാവിത്വത്തിന്റെ നെറുകിൽ ആണ് കോരിച്ചൊരിയുന്ന ആ മഴയും സുധയുടെ മാതൃത്വം ഏറ്റു വാങ്ങിയ പ്രകൃതിയും ചന്ദ്രനെ ഇല്ലാതെ ആക്കുന്നത്.
പിന്നീട് ഭർത്താവ് ഇല്ലാത്ത ഒരു സ്ത്രീ എന്ന വേദനയോ അത്രയും നാൾ ഉണ്ടായിരുന്ന പേടിയോ ഇല്ലാതെ നിർവികാരതയോടെ എന്നാൽ സംതൃപ്തിയോടെ ആ ഒറ്റമുറിയിലെ അണയാത്ത ലൈറ്റ് അണച്ച് തനിക്ക് സ്വാതന്ത്രം നൽകുന്ന ഇരുട്ടിലേക്ക് ചുവടുവെക്കുന്ന സുധയിൽ സിനിമ അവസാനിക്കുന്നു.
സ്ത്രീപക്ഷ സിനിമകളിൽ പോലും കണ്ട് വരുന്ന പുരുഷ മഹത്വവൽകരണമോ അവൻ എന്ത് കൊണ്ട് ഇങ്ങിനെ ആയി എന്നതിന്റെ ന്യായീകരണമോ ഇല്ല എന്നത് തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയും ഗാർഹിക പീഡനത്തിനും മരിറ്റൽ റേപ്പിനും ഇരയാവുന്ന ഒരു സ്ത്രീയും അവളുടെ നിലനിൽപ്പിന്റെ ആവശ്യകതയും മാത്രം ആണ് ചർച്ച ചെയ്യുന്നത്. സുധയായി വിനീത കോശിയും ചന്ദ്രൻ ആയി ദീപക് പറമ്പോളും അതി മനോഹരം ആയി സ്ക്രീനിൽ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു. എങ്കിലും എടുത്തു പറയേണ്ട തലത്തിൽ തന്നെ ആണ് വിനീത കോശി സുധ ആയി മാറിയത്. സുധയുടെ ഓരോ വികാരങ്ങളും പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്ന് ഇറങ്ങും വിധം അവർ അവതരിപ്പിച്ചു. പല സിക്വൻസിലും സുധയ്ക്കൊപ്പം നമ്മളും വേദനിച്ചു പുളഞ്ഞു. സിനിമയുടെ പശ്ചാത്തല സംഗീതവും മനോഹരമായ എക്കോ ഫെമിനിസ്റ്റിക് കോറിയോഗ്രഫിയും കൂടി ചേർത്ത് വായിക്കുമ്പോൾ പ്രേക്ഷകന് നല്ലൊരു അനുഭവം ആണ് ഒറ്റമുറി വെളിച്ചം എന്ന 2018 ലെ മികച്ച ചലച്ചിത്ര പുരസ്കാരം നേടിയ സിനിമ.
ഒറ്റമുറി വെളിച്ചം: സ്വാതന്ത്ര്യത്തിന്റെ ഇരുട്ട്
\”ഒരു പെണ്ണ് കെട്ടിയാൽ മാറും അവന്റെ ഈ സ്വഭാവം ഒക്കെ\”